സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു; നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 50 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 6,815 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. പവന് 400 രൂപയാണ് വർദ്ധിച്ചത്. 54,520 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില.

സ്വർണ്ണവിലയിൽ ഈ മാസം വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം മാത്രം പവന് 3,840 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്വർണ്ണവില വർദ്ധനവിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

ഏപ്രിൽ മാസം വലിയ വർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. ഈ മാസം ഒന്നിന് 50,880 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക്. ഏപ്രിൽ രണ്ടിന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 50,680 രൂപയായിരുന്നു. ഏപ്രിൽ മൂന്നിന് 51,280 രൂപയായിരുന്നു ഏപ്രിൽ നാലിന് 51,680 രൂപയും ഏപ്രിൽ അഞ്ചിന് 51,320 രൂപയുമായിരുന്നു വില. ഏപ്രിൽ ആറിനും ഏഴിനും 52280 രൂപയായിരുന്നു നിരക്ക്. ഏപ്രിൽ എട്ടിന് ഒരു പവന്റെ വില 52,520 രൂപയായി വർധിച്ചു. ഏപ്രിൽ 11 ന് 52,960 രൂപയും ഏപ്രിൽ 12 ന് 53,760 രൂപയും ഏപ്രിൽ 13 നും ഏപ്രിൽ 14 നും 52,260 രൂപയുമായിരുന്നു നിരക്ക്. ഏപ്രിൽ 15 ന് 53,640 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം കനത്തതോടെ എണ്ണ വിലയിൽ കുതിപ്പുണ്ടായി. ബ്രെന്റ് ക്രൂഡ് വില 90 ഡോളറിലേക്കെത്തി. ഇന്ന് മാത്രം ക്രൂഡ് വിലയിൽ രണ്ടര ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.