കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം: വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സർവകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.

വൈസ് ചാൻസിലറുടെ വിയോജിപ്പ് മറികടന്നാണ് ജോൺ ബ്രിട്ടാസ് പ്രസംഗം നടത്തിയത്. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ജോൺ ബ്രിട്ടാസിനെ ക്ഷണിച്ചതും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചതും.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിഗണിച്ച വി സി പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. പക്ഷേ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.

രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സർക്കുലർ നിലനിൽക്കെയാണ് പ്രധാനമന്ത്രിയേയും ബിജെപിയയേും വിമർശിച്ച് ബ്രിട്ടാസ് പ്രസംഗം നടത്തിയത്. വിസിക്കെതിരെയും ബ്രിട്ടാസ് പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു.