റെക്കോർഡ് മഴ; യുഎഇ സാക്ഷ്യം വഹിച്ചത് 75 വർഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴയ്ക്ക്

ദുബായ്: യുഎഇ ഇത്തവണ സാക്ഷ്യം വഹിച്ചത് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂർവ്വമായ കാലാവസ്ഥയ്ക്ക്. 75 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം മഴ യുഎഇയിൽ ലഭിക്കുന്നത്. ശക്തമായ മഴയും കാറ്റും ഇടിമിന്നലും യുഎഇയിലാകമാനം ഉണ്ടായി. പലയിടത്തും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. റോഡുകളും പലതും വെള്ളത്തിനടിയിലായി. വെള്ളം കയറി മെട്രോകളുടെ പ്രവർത്തനവും തകരാറിലായി.

ഏഴ് എമിറേറ്റുകളിലും ശക്തമായ മഴയാണ് പെയ്തത്. അൽഐൻ മേഖലയിൽ ഒറ്റദിവസം 254.8 മില്ലിമീറ്റർ മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും നിരവധി ഷോപ്പിംഗ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്തു. ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാനായിട്ടില്ല.

പലയിടത്തെയും വെള്ളക്കെട്ട് നീക്കം ചെയ്യാനും പൊതുഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമം അധികൃതർ നടത്തുന്നുണ്ട്. കൂറ്റൻ പമ്പുകൾ എത്തിച്ചാണ് പലയിടത്തെയും വെള്ളക്കെട്ട് നീക്കംചെയ്യുന്നത്. ജനജീവിതം സാധാരണമാക്കാൻ ഇനിയും സമയമെടുത്തേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വൈകുന്നേരം 6 മണി വരെ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂവെന്നാണ് ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചത്. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇന്നും ഓൺലൈൻ ക്ലാസായിരിക്കും നടത്തുക. അബുദാബിയിൽ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ പാർക്കുകൾ തുറക്കില്ല. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നടപടി. അജ്മാനിലെയും പാർക്കുകളും ബീച്ചുകളും അടച്ചു.

മഴയുടെയും കാറ്റിന്റെയും ശക്തി ഇന്നു വൈകുന്നേരത്തോടെ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.