ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം; വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യും

തൃശൂർ: ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യും. മന്ത്രി കെ രാജൻ ആണ് ഇക്കാര്യം അറിയിച്ചത്. വെറ്റിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്റെ ഉത്തരവിൽ നിന്നും ഇത് ഉടൻ ഒഴിവാക്കും.പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പൂരം ചമയ പ്രദർശനം ആരംഭിച്ചു. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദർശനം ഉദ്ഘാടന പരിപാടിയിൽ മന്ത്രി കെ രാജൻ പങ്കെടുത്തു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്‌നസ് പുന:പരിശോധന അപ്രായോഗികമാണെന്നും ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ടെന്നും വനംമന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദമാക്കി.

.ഉത്തരവിലെ നിബന്ധനകൾ അപ്രായോഗിമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാടിൽ മാറ്റം വരുത്തിയത്. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്റെ ഡോക്ടർമാർ ആനകളെ വീണ്ടും പരിശോധിക്കുന്നത്. കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂർ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ദേവസ്വം അഭിപ്രായപ്പെട്ടിരുന്നു.