ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്; ഞായറാഴ്ച്ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: ഏപ്രിൽ 21 ഞായറാഴ്ച്ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് നടപടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ചു മണിക്കൂർ അടച്ചിടുമെന്നാണ് അറിയിപ്പ്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് വിമാനത്താവളം അടച്ചിടുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെയാണ് അടച്ചിടുക. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവർത്തനം നിർത്തുന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

ഈ സാഹചര്യത്തിൽ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ വ്യക്തമാക്കി.