കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു; മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസ്

കോഴിക്കോട്: വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം നേതാവുമായ കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസ്. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അസ്ലം മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സാപ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കായിരുന്നു കെ കെ ശൈലജ പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണം നടന്നത് ഷാഫിയുടെ അറിവോടെയാണെന്നും പരാതിയിൽ പറയുന്നു.