തെറ്റു പറ്റി, ഇനി ആവർത്തിക്കില്ല; സുപ്രീംകോടതിയിൽ കുറ്റസമ്മതവുമായി ബാബാ രാംദേവ്

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ കുറ്റസമ്മതവുമായി ബാബാ രാംദേവ്. തെറ്റു പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ വ്യക്തമാക്കി. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിനു മുന്നിൽ എല്ലാവരും ഒന്നാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ മുന്നിൽ കള്ളം പറയരുതെന്നും കോടതിയിൽ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാൻ അത്ര നിഷ്‌കളങ്കനാണ് താങ്കളെന്നു കരുതുന്നില്ലെന്നും കോടതി പ്രതികരിച്ചു.

ഏപ്രിൽ 23 ന് കേസ് വീണ്ടും പരിഗണിക്കും. പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസിൽ ബാബാ രാംദേവിന്റെ മാപ്പപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളി. പതഞജ്ലി മനപൂർവം കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും കോടതി അറിയിച്ചിരുന്നു.

ഒരേ പോലെ പല മാപ്പപേക്ഷ നൽകിയാൽ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യവും കോടതി മുന്നോട്ടുവെച്ചു. പത്ഞ്ജലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവമായ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യർഥിച്ച ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

കേസ് പരിഗണിച്ചപ്പോൾ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നത്.