കേരളത്തിലെ സ്വർണ്ണകടത്ത് കേസിൽ തമിഴ്നാട്ടിലെ രണ്ട് മുൻ എഐഎഡിഎംകെ മന്ത്രിമാർക്ക് പങ്കുണ്ട്; അണ്ണാമലൈ

ചെന്നൈ: കേരളത്തിലെ സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ. കേരളത്തിലെ സ്വർണ്ണകടത്ത് കേസിൽ തമിഴ്നാട്ടിലെ രണ്ട് മുൻ എഐഎഡിഎംകെ മന്ത്രിമാർക്ക് പങ്കുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈ ഇക്കാര്യം അറിയിച്ചത്.

ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തെന്നും അണ്ണാമലൈ പറയുന്നു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയപരിധിയായ രാത്രി 10-നുശേഷം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായി സംഘം ചേരൽ, അന്യായമായി തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങൾ അണ്ണാമലൈക്കെതിരെ ചുമത്തിയിട്ടുണ്ട്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രചാരണം തുടർന്നതിനെ ഡിഎംകെ, ഇടതുപാർട്ടി പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപിക്കാർ അക്രമിച്ചെന്ന ഡിഎംകെ പ്രവർത്തകരുടെ പരാതിയിൽ മറ്റൊരു കേസുകൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്.