ചിലർ ജുഡീഷ്യറിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു; ഡി വൈ ചന്ദ്രചൂഡിന് തുറന്ന കത്തുമായി ജഡ്ജിമാർ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് തുറന്ന കത്തുമായി സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിയിൽ നിന്നും വിരമിച്ച 21 ജഡ്ജിമാർ. സമ്മർദ്ദത്തിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും ചിലർ ജുഡീഷ്യറിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു. സങ്കുചിതമായ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ചിലർ ജുഡീഷ്യറിയെ വിമർശിക്കുന്നതെന്നും ജഡ്ജിമാർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും കത്തിൽ വിവരിക്കുന്നു.

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച നാല് ജഡ്ജിമാരും കത്ത് അയച്ച സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. കത്തെഴുതാൻ തങ്ങളെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് ജഡ്ജിമാർ വിശദമാക്കിയിട്ടില്ല. അഴിമതി കേസുകളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടികൾ വ്യാപകമാകുന്നതിനെ ചൊല്ലി കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പോരടിക്കുന്ന സാഹചര്യത്തിലാണ് കത്ത് ചർച്ചയാകുന്നത്.

കോടതിയുടെയും ജഡ്ജിമാരുടെയും അഖണ്ഡതയ്ക്ക് മേൽ വിമർശകർ കടന്നുകയറുകയാണ്. ഇത്തരം പ്രവർത്തികൾ ജുഡീഷ്യറിയുടെ പവിത്രത ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്. ന്യായാധിപൻമാർ ഉയർത്തിപ്പിടിക്കുന്ന നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങൾക്ക് മേൽ വെല്ലുവിളിയാകുകയാണ്. നീതിന്യായ വ്യവസ്ഥയെ ലക്ഷ്യമിട്ട് പരക്കുന്ന വ്യാജ വാർത്തകളും ജുഡീഷ്യറിയ്ക്ക് എതിരായി പൊതുവികാരം വളർത്തുന്ന രീതിയും തങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഒരാളുടെ വീക്ഷണവുമായി യോജിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളെ തെരഞ്ഞെടുത്ത് പ്രശംസിക്കുകയും മറ്റുള്ളവയെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നത് നിയമവാഴ്ചയുടെ അന്തസത്തയെ തകർക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.