സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 18 മാവോയിസ്റ്റുകൾ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേൽക്കുകയും ചെയ്തു. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ നടത്തിയത്. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വന മേഖലയിലേക്ക് ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ബിഎസ്എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. ഈ വെടിവയ്പ്പിലാണ് 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തുവെന്ന് സുരക്ഷാ സേന വ്യക്തമാക്കി. മേഖലയിൽ തെരച്ചിൽ തുടരുകയാാണ്. വനമേഖലയിൽ കൂടുതൽ മാവോയിസ്റ്റുകൽ കഴിയുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.