ലോക്സഭാ തിരഞ്ഞെടുപ്പ്; വിവിധ പരിശോധനകളിൽ നിന്ന് പിടിച്ചെടുത്തത് 4650 കോടി രൂപ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വിവിധ പരിശോധനകളിൽ നിന്ന് പിടിച്ചെടുത്തത് 4650 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുത്ത തുകയെക്കാൾ കൂടുതലാണ് ഇതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.

മാർച്ച് ഒന്ന് മുതലാണ് തെരഞ്ഞെടുപ്പിനോട് അനബന്ധിച്ച് പരിശോധന ആരംഭിച്ചത്. മാർച്ച് ആദ്യം മുതലുള്ള കണക്കനുസരിച്ച് പ്രതിദിനം 100 കോടിയിലധികം രൂപ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുക്കുന്ന രേഖകളില്ലാത്ത പണത്തിന്റെ കണക്കിലെ ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഫ്‌ളയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിസ്റ്റിക്‌സ് നിരീക്ഷണ ടീമുകൾ, വീഡിയോ വ്യൂവിംഗ് ടീമുകൾ, അതിർത്തി ചെക്ക്‌പോസ്റ്റുകൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് കേരളത്തിൽ ആലപ്പുഴയിൽ നിന്ന് കണക്കില്ലാതെ കൊണ്ടുവന്ന 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ പണം, മദ്യം, സൗജന്യങ്ങൾ, മയക്കുമരുന്ന്, എന്നിവയുടെ നീക്കവും വിതരണവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കർശനമായി നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.