ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്‌സി അറിയിച്ചത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ സൈനിക താവളങ്ങളായിരുന്നു ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയിൽ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ ഏതു ശ്രമവും നടത്താൻ മടിക്കില്ലെന്നും റെയ്‌സി അറിയിച്ചു.

ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക നീക്കം അവസാനിപ്പിച്ചതായി വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ തങ്ങളുടെ കാഴ്ചപ്പാടിൽ അവസാനിച്ചു. ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടി നൽകുമെന്ന് അദ്ദേഹം വിശദമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേലിനു നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.