ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ 23 വരെയാണ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഡൽഹിയിലെ റൗസ് അവന്യു കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ഏപ്രിൽ 15-ന് സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്. മാർച്ച് 15-നാണ് മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ തിഹാർ ജയിലിലാണ് കവിത കഴിയുന്നത്. കവിതയെ ജയിലിനുള്ളിൽ വെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഏപ്രിൽ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് തവണ എൻഫോഴ്സ്മെന്റ് കവിതയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, കവിത ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ കവിത ഇതിനോടകം നശിപ്പിച്ചതായും മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളാണ് കവിതയെന്നുമാണ് ഇഡിയുടെ ആരോപണം.

