പിവിആർ തർക്കം പരിഹരിച്ചു; മലയാള സിനിമ പ്രദർശിപ്പിക്കും

കൊച്ചി: പിവിആർ തർക്കം പരിഹരിച്ചു. പിവിആർ തീയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ചർച്ചകൾക്ക് ഒടുവിൽ മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പിവിആറിന് സംസ്ഥാനമൊട്ടാകെ 44 സ്‌ക്രീനുകളാണുള്ളത്. ഇതിൽ കൊച്ചി നഗരത്തിൽ 22 സ്‌ക്രീനുകളുണ്ട്. സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്.

കൊച്ചി മരടിലെ ഫോറം മാളിൽ കഴിഞ്ഞ ദിവസം പിവിആറിൻറെ 9 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലെക്‌സ് തുറന്നതോടെയാണ് തർക്കം രൂക്ഷമായത്. തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷനായി യുഎഫ്ഒ, ക്യൂബ് അടക്കമുളള ഏജൻസികളെയാണ് രാജ്യമെങ്ങും ആശ്രയിക്കുന്നത്. എന്നാൽ ഇതിനുളള ചെലവ് ഏറിയതോടെയാണ് മലയാള സിനിമാ നിർമാതാക്കൾ സ്വന്തം സംവിധാനം തുടങ്ങിയത്. ചെലവ് ഏറെ കുറയും എന്നതായിരുന്നു ആശ്വാസം. എന്നാൽ യുഎഫ്ഒ, ക്യൂബ് വഴിയാണ് ഫോറം മാളിലെ പ്രദർശനമെന്നും നിർമാതാക്കൾ തുടങ്ങിയ പിഡിസി എന്ന കോണ്ടൻറ് മാസ്റ്ററിങ് യൂണിറ്റ് പറ്റില്ലെന്നും പിവിആർ നിലപാടെടുത്തു. ഇതിന് നിർമ്മാതാക്കൾ വഴങ്ങാതെ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ പിവിആർ സ്‌ക്രീനുകളിൽ നിന്നും മലയാള സിനിമകൾ പിൻവലിക്കാൻ തീരുമാനിച്ചത്.