അധികം വൈകാതെ തന്നെ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കും; പ്രധാനമന്ത്രി

ശ്രീനഗർ: അധികം വൈകാതെ തന്നെ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കശ്മീരിൽ അധികം വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്ലർ മാത്രമാണ്. ജമ്മു കശ്മീരിന്റെ ഏറ്റവും സുന്ദരമായ പുതിയൊരു ചിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് താൻ. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കുന്ന കാലം വിദൂരമല്ല. ഇതിന് ശേഷം എംഎൽഎമാരും മന്ത്രിമാരുമായി നിങ്ങളുടെ സ്വപ്നങ്ങൾ പങ്കിടാനും സാധിക്കും. ഭീകരവാദത്തിന്റെയും ആക്രമണങ്ങളുടെയും കല്ലേറിന്റെയും അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിന്റെയും അകമ്പടിയില്ലാതെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാകും ഇത്തവണ ജമ്മു കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുക. കഴിഞ്ഞ 60 വർഷമായി ജമ്മു കശ്മീരിനെ വിടാതെ പിന്തുടരുന്ന എല്ലാ പ്രശ്‌നങ്ങൾക്കും താൻ പരിഹാരം കണ്ടെത്തും. ഇക്കാര്യത്തിൽ ജനങ്ങൾക്ക് തന്നെ പൂർണമായും വിശ്വസിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങൾ അനുഭവിച്ചിരുന്ന പീഡനങ്ങൾക്ക് അറുതി വരുത്താൻ തനിക്കു സാധിച്ചു. ജമ്മു കശ്മീരിനെ പൂർണമായും മാറ്റിമറിക്കുമെന്ന തന്റെ വാഗ്ദാനം കഴിഞ്ഞ 10 വർഷത്തിനിടെ പാലിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.