കേരളാ സ്റ്റോറി പ്രദർശനം; ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്ന് ചാണ്ടി ഉമ്മൻ

തൃശൂർ: വിവാദ സിനിമയായ കേരളാ സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ നാലാം തീയതിയാണ് ഇടുക്കി രൂപതയിൽ സിനിമാ പ്രദർശനം നടന്നത്. രൂപതയിലെ പള്ളികളിൽ വിദ്യാർത്ഥികൾക്കുവേണ്ടി ചിത്രം പ്രദർശിപ്പിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് വിവരം.

ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലായിരുന്നു സിനിമ പള്ളികളിൽ പ്രദർശിപ്പിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നുമാണ് ഇടുക്കി രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ വിശദമാക്കുന്നത്.

ക്ലാസിൽ ഒരു വിഷയം പ്രണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തതെന്നും ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി. കേരളാ സ്റ്റോറി എന്ന ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.