കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപി നേതാവാണ് പരാതി നൽകിയിരിക്കുന്നത്. പോളിംഗ് ബൂത്തിൽ ചിഹ്നം പ്രദർശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണിതെന്നാണ് പരാതിയിൽ പറയുന്നത്.

കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ ആണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശരീരത്തിന്റെ ഭാഗമായതിനാൽ തന്നെ പോളിംഗ് ബൂത്തുകളിൽ കോൺഗ്രസിന്റെ ചിഹ്നം വ്യാപകമായി പ്രദർശിപ്പിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് പരാതിയിൽ പറയുന്നു.

മനുഷ്യ ശരീരത്തിന്റെ ഭാഗമായ ഏക തെരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തിയെന്നും ഇത് ഒരിക്കലും മാറ്റിവെക്കാൻ കഴിയാത്തതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പോളിംഗ് ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ യാതൊരു വിധി പ്രചാരണവും പാടില്ലെന്നിരിക്കെ കൈപ്പത്തി ചിഹ്നം വോട്ടർമാരെ വോട്ടെടുപ്പ് നടക്കുമ്പോൾ പോലും സ്വാധീനിക്കാൻ കഴിയുന്നതാണെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.