ഇപി-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച വൈദേകം റിസോർട്ടിലെ ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് പിന്നാലെ; വിവരങ്ങൾ പുറത്ത്

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയതെന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഇ പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത് കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു. പ്രകാശ് ജാവഡേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തിയത് മാർച്ച് അഞ്ചിനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ ഇ പി ജയരാജന്റെ അസാന്നിധ്യം ചർച്ചയാവുന്നതിനിടെയാണ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറെ കാണുന്ന ദിവസം ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരിലായിരുന്നു. അന്നുവരെ ജാഥയുടെ ഭാഗമാകാതിരുന്ന ഇ പി, മാർച്ച് നാലിന് തൃശ്ശൂരിൽ ജാഥയുടെ സമാപന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.