സംസ്ഥാനത്ത് സുതാര്യവും നീതിപൂർവകവുമായി വോട്ടെടുപ്പ് നടന്നില്ല; പരാതി നൽകി വി ഡി സതീശൻ

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് സുതാര്യവും നീതിപൂർവകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശൻ പരാതി നൽകിയത്. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ മടങ്ങിയ സംഭവങ്ങളുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറു മണിക്ക് മുൻപ് ബൂത്തിൽ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകാനാണ് യുഡിഎഫിന്റെയും തീരുമാനം. വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിലാണ് യുഡിഎഫ് പരാതി നൽകാനൊരുങ്ങുന്നത്. അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വിഷയത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയിരുന്നു. വൈകീട്ട് കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.