ഇന്ത്യയിൽ സ്വന്തമായി പുതിയ ഡേറ്റ സെന്റർ ഒരുക്കാൻ ഗൂഗിൾ; നടപടികൾ പുരോഗമിക്കുന്നു

മുംബൈ: ഇന്ത്യയിൽ സ്വന്തമായി പുതിയ ഡേറ്റ സെന്റർ ഒരുക്കാൻ ഗൂഗിൾ. ഇതിനായുള്ള പദ്ധതികൾ ഗൂഗിൾ ആരംഭിച്ചതായാണ് വിവരം. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. നവിമുംബൈയിലെ ജൂയിനഗറിൽ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിർമിക്കുന്നതിന് 22.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഗൂഗിൾ ഡേറ്റാ സെന്റർ ഒരുക്കുന്നത് മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്റെ (എം.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും. ഹെർഡിലിയ കെമിക്കൽസ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി. പാട്ടത്തിനു നൽകിയതാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്ഥലം. ഇപ്പോഴിത് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമേഴ്സി ട്രേഡ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്.

ഈ സ്ഥലം ഗൂഗിളിനു കൈമാറാനായി ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ ധാരണയിലെത്തുമെന്നുമാണ് പുറത്തു വരുന്ന വിവരം. ഈ പദ്ധതി നടപ്പായാൽ ഗൂഗിൾ സ്വന്തമായി ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്. എന്നാൽ, പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഗൂഗിൾ നടത്തിയിട്ടില്ല.