അന്വേഷണ ഏജൻസികൾ രാജ്യത്തിന്റെ അഭിമാനം; അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി ഇന്ത്യ. അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. ഭരണഘടന സ്ഥാപനങ്ങളും, അന്വേഷണ ഏജൻസികളും രാജ്യത്തിന്റെ അഭിമാനമാണ്. തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.

കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ മുൻപോട്ട് പോകുന്നത് നിയമം അനുസരിച്ചാണ്. വിഷയത്തിൽ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബന്ധങ്ങളെ ഊഷ്മളമാക്കുന്നത് പരസ്പര ബഹുമാനമാണ്. ഇത്തരം ബാഹ്യ ഇടപെടൽ ബന്ധങ്ങളെ മോശമാക്കും. ഇത്തരം പ്രസ്താവനകൾ ഉഭയകക്ഷിബന്ധങ്ങൾക്ക് വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നുവെന്നും നിയമ നടപടികൾ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്നുമായിരുന്നു അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വിഷയത്തിൽ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രതികരണം നടത്തിയത്.