ഈസ്റ്ററിനും ദു:ഖവെള്ളിയ്ക്കും അവധി നൽകും; പുതിയ ഉത്തരവ് പുറത്തിറക്കി മണിപ്പൂർ സർക്കാർ

ഇംഫാൽ: ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കി കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ചു മണിപ്പൂർ സർക്കാർ. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പുതിയ ഉത്തരവ് അനുസരിച്ച് മണിപ്പൂരിൽ ദുഃഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും.

ശനിയാഴ്ച മാത്രം പ്രവർത്തി ദിവസമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഈസ്റ്റർ ദിനത്തിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്രസർക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് വ്യക്തമാക്കിയാണ് മണിപ്പൂർ ഗവർണർ ഈസ്റ്റർ അവധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളിക്കും അവധി നിഷേധിച്ചതിനെതിരെ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.