അതി സുരക്ഷാ റജിസ്‌ട്രേഷൻ പ്ലേറ്റ്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് കൃത്യമായി നടപ്പിലാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്. 2019 ഏപ്രിൽ 1 മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതി സുരക്ഷാ റജിസ്‌ട്രേഷൻ പ്ലേറ്റിന്റെ(High Security Registration Plate – HSRP) പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം:

HSRP യും 3rd റജിസ്‌ട്രേഷൻ മാർക്കും വാഹന നിർമ്മാതാക്കൾ നിയോഗിച്ച ഡീലർമാർ ഘടിപ്പിച്ച് നൽകും.

പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ് ഡേറ്റ് ചെയ്താൽ മാത്രമേ RT ഓഫീസിൽ RC പ്രിൻറ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.

പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയും ആണ്.

പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോർഡറും ഉണ്ട്.

വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ട്.

പ്ലേറ്റുകൾക്ക് മിനിമം 5 വർഷത്തിനിടയിൽ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.

ഇടത് ഭാഗം താഴെ 10 അക്ക ലേസർ ബ്രാന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ട്.

വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.

പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
തേർഡ് റജിസ്‌ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്) :
ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നതാണ് ഇവ.

മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസിന്റെ ഉള്ളിൽ ഇടത് മൂലയിൽ ഒട്ടിക്കണം.

റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ . വാഹന റജിസ്‌ട്രേഷൻ തീയ്യതി എന്നിവയാണിതിൽ ഉള്ളത്.

താഴെ വലത് മൂലയിൽ 10 x 10 mm വലുപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.

സ്റ്റിക്കർ കളർ : ഡീസൽ വാഹനം – ഓറഞ്ച് , പെട്രോൾ / CNG വാഹനം – ഇളം നീല , മറ്റുള്ളവ – ഗ്രേ കളർ

മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും.