റഷ്യയിലെ ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പുടിൻ

മോസ്‌കോ: കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഭീകരാക്രണത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. റഷ്യയിൽ മാളിലെ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണം നടന്നത്. 60 ഓളം പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിൽ ആയിരുന്നു ആക്രമണം ഉണ്ടായത്.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരവാദിത്തമേറ്റെടുത്ത് ആഗോള ഭീകര സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയിരുന്നു. എന്നാൽ റഷ്യയും പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ ആക്രമണത്തെ യുക്രൈനുമായി ബന്ധിപ്പിക്കാൻ ആണ് ശ്രമിച്ചത്. ഭീകരർക്ക് യുക്രൈയ്ൻ ബന്ധമുള്ളതായും ആക്രമണ ശേഷം ഇവർ യുക്രൈയൻ അതിർത്തിയിലേക്ക് നീങ്ങാനാണ് ശ്രമിച്ചതെന്നാണ് പുടിന്റെ ആരോപണം.

അതേസമയം, ഈ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ലെന്ന് യുക്രൈൻ അറിയിച്ചു. ആക്രമണം നടത്തിയവർ രക്ഷപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം തള്ളിയാണ് നാലു പേർ പിടിയിലായെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടത്. ഹീനമായ ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.