അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 20000 പുതിയ ഫാർമസികൾ തുറക്കും; ജൻ ഔഷധി സിഇഒ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 20000 പുതിയ ഫാർമസികൾ തുറക്കുമെന്ന് ജൻ ഔഷധി സിഇഒ രവി ദധിച്ച്. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമീണ മേഖലയ്ക്കായിരിക്കും പ്രധാന്യം നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് അടുത്തതായി ലക്ഷ്യമിടുന്നത്. സംരംഭ മാതൃകയിൽ ആ മേഖലയിലേക്ക് കടക്കുകയെന്നത് വിഷമകരമായ കാര്യമാണ്. അതിനാൽ പിഎസിഎസിന്റെ സഹായത്തോടെയാണ് ഗ്രാമീണ മേഖലയിലേക്ക് കടക്കുന്നത്. ഏകദേശം 4500 അപേക്ഷകൾ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയിൽ 2500 എണ്ണത്തിന് അനുമതി നൽകി. 400 ഷോപ്പുകൾ ഇതിനോടകം തന്നെ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത്ഷാഈ സൊസൈറ്റികളുമായി സഹകരിക്കാനുള്ള തീരുമാനം സ്വീകരിച്ചിരുന്നു. അവർക്ക് കെട്ടിടങ്ങളുണ്ട്. അവ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും. വിൽപ്പന അടിസ്ഥാനമാക്കി തങ്ങൾ അവർക്ക് സഹായം നൽകും. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 20000 ഔട്ട്ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.