45 വർഷത്തെ കാത്തിരിപ്പിന് വിരാമം; തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം നാളെ

തിരുവനന്തപുരം: 45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യുന്നു. നാളെയാണ് ഉദ്ഘാടനം. വടക്കേ മലബാറിന്റെ ഗതാഗത മേഖലയിൽ വിപ്ലവമാകുന്ന ഒന്നായിരിക്കുമിത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് ബൈപ്പാസ് രാജ്യത്തിനു സമർപ്പിക്കുന്നത്.

നാളെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ചോനാടത്ത് പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാൻ സൗകര്യം ഒരുക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നിയമസഭാ സ്പീക്കർ എ എൻ ഷംസീറും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തു നിന്ന് ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. സമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിനുശേഷം സ്പീക്കറും മന്ത്രി മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളും കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിൽ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും.

ചോനാടത്ത് ഉദ്ഘാടന ചടങ്ങിനായി ഒരുക്കുന്നത് ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ്. വിദ്യാർഥികളുടെ കലാപരിപാടികളും ഇവിടെയുണ്ടാകും. ടോൾ പിരിവ് നാളെ രാവിലെ 8 മുതൽ ആരംഭിക്കും. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു.