ട്വന്റി 20 ലോകകപ്പ്; വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് ഈ താരത്തെയോ; റിപ്പോർട്ടുകൾ ഇങ്ങനെ

മുംബൈ: വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ വിക്കറ്റ് കീപ്പർമാർ ആരൊക്കെയാവണം എന്ന കാര്യത്തിൽ കൂടിയാലോചനകൾ സജീവമാക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ധ്രുവ് ജൂറെൽ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ജിതേഷ് ശർമ്മ എന്നിങ്ങനെയുള്ള പേരുകൾ ലോകകപ്പ് സെലക്ഷനിലേക്ക് പരിഗണനയിലുള്ളവരുടെ പേരുകൾ. ഇന്ത്യൻ ടീമിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർമാരാകാനാണ്.

മധ്യനിര ബാറ്റർ കെ എൽ രാഹുൽ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള പോരാട്ടത്തിൽ ഒരുപടി മുന്നിലെത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും ഐപിഎല്ലിന് മുമ്പ് രാഹുൽ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പിൽ രാഹുലായിരുന്നു വിക്കറ്റ് കീപ്പർ. ലോകകപ്പിൽ ബാറ്റിംഗിലും കീപ്പിംഗിലും രാഹുൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. രാഹുലിന് പുറമെ മറ്റൊരാൾ കൂടി വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുണ്ടാകും.

72 രാജ്യാന്തര ട്വന്റി 20കളുടെ പരിചയമുള്ള രാഹുൽ 2265 റൺസ് നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ ടീം ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരൻ രാഹുലാണ്.