സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്‌പെൻസറികൾ കൂടി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്‌പെൻസറികൾ കൂടി പ്രവർത്തനം തുടങ്ങി. ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഹോമിയോ ഡിസ്‌പെൻസറികൾ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുൻസിപ്പാലിറ്റികളിലും ഡിസ്‌പെൻസറികൾ സർക്കാർ അനുവദിച്ചിരുന്നു. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. 40 ഡിസ്‌പെൻസറികളിൽ 33 എണ്ണമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ബാക്കിയുള്ളവ ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ പുതിയ ഡിസ്‌പെൻസറികളിൽ ഫാർമസിസ്റ്റുകളെ നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നത്.

ആയുഷ് മേഖലയ്ക്ക് സവിശേഷമായ പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ കൂടി സൃഷ്ടിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകി 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭ്യമായി. ഇത്രയും സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ആയുഷ് മേഖലയിൽ ഇ-ഹോസ്പിറ്റൽ സംവിധാനം നടപ്പിലാക്കി. 510 ആയുഷ് ഡിസ്‌പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 600 ആയി. ഇവിടങ്ങളിൽ യോഗ ഇൻസ്‌ട്രെക്ടർമാരുടെ സേവനവും കൂടി ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു.

അട്ടപ്പാടി, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രികൾ സജ്ജമാക്കി വരുന്നു. കണ്ണൂരിലെ രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനം അടുത്ത സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. ഈ പദ്ധതിയുടെ ആദ്യഘട്ടമായ ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. കേരളത്തിന് പുറത്തു നിന്നും പരമാവധി ആളുകളെ ചികിത്സയ്ക്കും വെൽനസിനുമായി എത്തിക്കാനുള്ള സൗകര്യമൊരുക്കും.

പാലക്കാട് ജില്ലയിലെ അകത്തേത്തറ, കൊടുമ്പ, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി, കുമരംപുത്തൂർ, വെള്ളിനേഴി, വിളയൂർ, അയിരൂർ, ഷൊർണൂർ, കപ്പൂർ, പൂക്കോട്ടുകാവ്, നെല്ലായ, തൃശൂർ ജില്ലയിലെ ചേർപ്പ്, വല്ലച്ചിറ, വാടാനപ്പള്ളി, എറണാകുളം ജില്ലയിലെ ഏലൂർ, കളമശേരി, കാട്ടൂർ, മലപ്പുറം ജില്ലയിലെ മുതുവല്ലൂർ, പെരുവള്ളൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, വേങ്ങര, കണ്ണമംഗലം, വെട്ടത്തൂർ, മേലാറ്റൂർ, മങ്കട, കീഴാറ്റാർ, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, തുറയൂർ, ചോറോട്, കായണ്ണ എന്നീ ഹോമിയോ ഡിസ്‌പെൻസറികളാണ് ഉദ്ഘാടനം നടത്തിയത്.