ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി ബിസിസിഐ

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി. ബിസിസിഐ നിർദേശം അവഗണിച്ചതിനാണ് നടപടിയെന്നാണ് വിവരം. വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ആരാധകർ നടത്തുന്നത്. ഇതിനിടെ വിഷയത്തിൽ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്.

നിയമം എന്തുകൊണ്ടാണ് എല്ലാ ക്രിക്കറ്റർമാർക്കും ഒരുപോലെ അല്ലാത്തത് എന്ന് പത്താൻ ചോദിക്കുന്നു. ഹാർദിക് പാണ്ഡ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു പത്താന്റെ ട്വീറ്റ്. പരിക്കിന് ശേഷം ഐപിഎൽ 2024 സീസൺ മുൻനിർത്തി പരിശീലനം തുടങ്ങിയ ഹാർദിക് മുംബൈയിലെ പ്രാദേശിക ടൂർണമെൻറിൽ അടുത്തിടെ കളിച്ചിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു പത്താന്റെ ട്വീറ്റ്. ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ കരാർ നീട്ടി നൽകിയിരുന്നു.

ഇഷാൻ കിഷനും ശ്രേയസ് അയ്യരും കഴിവുള്ള താരങ്ങളാണ്. അവർ ശക്തമായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഹാർദിക് പാണ്ഡ്യയെ പോലെ റെഡ് ബോൾ ക്രിക്കറ്റ് കളിക്കാത്ത താരങ്ങൾ ദേശീയ ഡ്യൂട്ടി ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവർ മത്സരങ്ങൾ കളിക്കാറുണ്ടോ. ഇത്തരത്തിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലെങ്കിൽ ആഗ്രഹിക്കുന്ന മത്സരഫലം ഇന്ത്യൻ ടീമിന് ലഭിക്കില്ലെന്ന് പത്താൻ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൻറെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. എന്നാൽ ഇഷാൻ രഞ്ജിയിൽ ജാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു.