മൻസൂർ അലി ഖാന് ആശ്വാസവിധി; തൃഷക്കെതിരായ മാനനഷ്ടക്കേസില്‍ ചുമത്തിയ പിഴ ഒഴിവാക്കി

ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാന് ആശ്വാസവിധി. മൻസൂർ ഖാന് വിധിച്ച ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തൃഷ അടക്കമുള്ള താരങ്ങൾക്കെതിരെ നൽകിയ മാനനഷ്ട കേസിലായിരുന്നു കോടതി നേരത്തെ മൻസൂറിന് പിഴ വിധിച്ചത്. കോടതി സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

വിജയ് ചിത്രം ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കേസുമായി കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. തുടർന്നാണ് താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് മൻസൂർ അലി ഖാൻ കോടതിയിൽ മാനനഷ്ട കേസ് നൽകിയത്.

കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനും യഥാർത്ഥത്തിൽ മൻസൂറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. എത്രയും വേഗം ഈ തുക അടയാറിനെ ക്യാൻസർ സെൻററിൽ അടക്കാനായിരുന്നു കോടതി നൽകിയ നിർദ്ദേശം. അന്ന് മൻസൂർ ഇക്കാര്യം സമ്മതിച്ചെങ്കിലും തന്റെ പക്കൽ പണമില്ലെന്നും പത്ത് ദിവസം കൂടി സാവകാശം നൽകണമെന്നും കാട്ടി ഏതാനും നാളുകൾക്ക് ശേഷം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു മൻസൂർ അലി ഖാൻ. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിംഗിൽ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ മൻസൂർ അലി ഖാൻ സമീപിച്ചത്. തനിക്കെതിരെ ചുമത്തിയ പിഴ റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. ഈ ഹർജിയിലാണ് മൻസൂറിന് അനുകൂലമായ വിധി ഉണ്ടായത്.