ഇന്ത്യൻ പ്രീമിയർ ലീഗ് 2024; തീയതി പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസൺ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ ആണ് തീയതി പുറത്തു വിട്ടത്. മാർച്ച് 22-ാം തീയതി ചെന്നൈയിൽ വെച്ച് ഐപിഎല്ലിന്റെ 17-ാം എഡിഷന് തുടക്കും കുറിക്കും.

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റണ്ണേഴ്‌സ് അപ്പുകളായ ഗുജറാത്ത് ടൈറ്റൻസുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം വരാൻ സാധ്യതയുള്ളതെന്നാണ് വിവരം.

ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാൽ രണ്ട് ഘട്ടമായാവും ഐപിഎൽ സീസൺ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്റെ പൂർണ മത്സരക്രമം ബിസിസിഐ പുറത്തുവിടാൻ സാധ്യത. ഇക്കുറി ഐപിഎൽ പൂർണമായും ഇന്ത്യയിൽ വച്ചാണ് നടക്കുക എന്ന് അരുൺ ധമാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് തീയതികളും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സർക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിലെ പത്ത് ടീമുകൾ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പർ ജയൻറ്‌സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളാണ് മത്സര രംഗത്തുള്ളത്.