താൻ ബിജെപിയിലേക്കു പോവില്ല; കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് ശശി തരൂർ

ന്യൂഡൽഹി: താൻ ബിജെപിയിലേക്കു പോവില്ലെന്നും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നും ശശി തരൂർ. കോൺഗ്രസ് ആണ് ശരിയായ ബദൽ എന്ന് പത്തു വർഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങൾക്കു ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ എത്തിയത് തൊഴിൽ എന്ന നിലയ്ക്കല്ലെന്ന് ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

താൻ പ്രവർത്തിക്കുന്നത് ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനെ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള മാർഗമാണ് രാഷ്ട്രീയം. താൻ ബിജെപിയിൽ ചേരുമെന്ന് 2014 മുതൽ തന്നെ ചിലർ പറഞ്ഞുനടക്കുന്നുണ്ട്. താൻ എന്തുകൊണ്ടു രാഷ്ട്രീയത്തിൽ വന്നെന്ന അടിസ്ഥാന കാര്യം കണക്കിലെടുക്കാതെയാണ് അവർ അതു പറയുന്നത്. സമൂഹത്തെ കുറെക്കൂടി മെച്ചപ്പെട്ടതാക്കാനുള്ള മികച്ച വഴി രാഷ്ട്രീയം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കമൽ നാഥ് ബിജെപിയിലേക്കു പോവുമെന്ന വാർത്തകളിൽ പാർട്ടി ഇതിനകം തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അസംബന്ധ വാർത്തയാണ് ഇതെന്ന് കമൽനാഥുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാർത്ത അദ്ദേഹത്തിന്റെ ഓഫീസും നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഊഹാപോഹ വാർത്തകൾ പ്രചരിപ്പിക്കുകയെന്നത് ഒരു തന്ത്രമാണ്. അതിൽ വീഴാൻ താനില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.