ശബരിമല തീർത്ഥാടനം; സൗകര്യങ്ങൾ വിലയിരുത്താൻ സന്നിധാനത്തെത്തി മന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ വേണ്ടി എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെത്തി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നവകേരള സദസ്സിന്റെ ഭാഗമായ കോട്ടയത്തെ പ്രഭാത യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പമ്പയ്ക്ക് തിരിച്ചത്.

എരുമേലിയിലും നിലയ്ക്കലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് കെഎസ്ആർടിസി ബസിൽ നിലയ്ക്കലിൽ നിന്ന് പമ്പയിലെത്തി. യാത്രയ്ക്കിടെ നിരവധി സ്വാമിമാരുമായി സംസാരിച്ചു. ഒരു മാളികപ്പുറത്തിന് ഇരുമുടിക്കെട്ട് തലയിൽ വെച്ചു നൽകുകയും ചെയ്തു.

എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ യു ജെനീഷ് കുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് പമ്പയിൽ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ച് സംസാരിച്ചു. കൂടുതൽ ഏകോപനത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.

ശബരിമല തീർത്ഥാടനം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി കെ രാധാകൃഷ്ണൻ ശബരിമലയിൽ എത്തി സാഹചര്യങ്ങൾ വിലയിരുത്തിയത്.