ന്യൂഡൽഹി: 763 പാർലമെന്റ് അംഗങ്ങളിൽ 306 (40%) പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷനൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് എംപിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്.
194 (25%) എംപിമാർക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ആണ് ക്രിമിനൽ കേസുകൾ ഉള്ള എംപിമാരുടെ പട്ടികയിൽ (73%) ഒന്നാമത്. ബിഹാർ (57%), മഹാരാഷ്ട്ര (57%), തെലങ്കാന (50%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ബിഹാറിലാണ് ഗുരുതരമായ ക്രിമിനൽ കേസുകളുള്ള എംപിമാർ ഏറ്റവും കൂടുതലുള്ളത് 50%. ഉത്തർപ്രദേശ് (37%), മഹാരാഷ്ട്ര (34%), കേരളം (10%), തെലങ്കാന (9%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുടെ 385 എംപിമാരിൽ 139 (36%) പേരും കോൺഗ്രസിന്റെ 81 എംപിമാരിൽ 43 (53%) പേരും തൃണമൂൽ കോൺഗ്രസിന്റെ 36 എംപിമാരിൽ 14 (39%) പേരും, രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) 6 എംപിമാരിൽ 5 (83%) പേരും സിപിഎമ്മിന്റെ 8 എംപിമാരിൽ 6 (75%) പേരും ആം ആദ്മി പാർട്ടിയുടെ (എഎപി) 11 എംപിമാരിൽ 3 (27%) പേരും ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നുണ്ട്. വൈഎസ്ആർസിപിയിലെ 31 എംപിമാരിൽ 13 (42%) പേരും എൻസിപിയുടെ 8 എംപിമാരിൽ 3 (38%) പേരും ക്രിമിനൽ കേസുകൾ ഉള്ളതായി സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. സത്യവാങ്മൂലം പ്രകാരം, 32 എംപിമാർക്കെതിരെ കൊലപാതകശ്രമത്തിനും (ഐപിസി 307), 21 എംപിമാർക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. ഇതിൽ 4 എംപിമാർക്കെതിരെ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്.

