ധനവകുപ്പ് പണം അനുവദിച്ചാൽ ഉടൻതന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകും; ഗതാഗത മന്ത്രി

തിരുവനന്തപുരം: ധനവകുപ്പ് പണം അനുവദിച്ചാൽ ഉടൻതന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സാമ്പത്തിക പരിമിതി കാരണമാണ് പണം അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് സാമ്പത്തികമായ പരിമിതിയുണ്ട്. ഇക്കാര്യം ധനമന്ത്രി തന്നെ അടുത്തിടെ പറയുകയും ചെയ്തു. ഈ മാസത്തേക്ക് 70 കോടി രൂപ അനുവദിക്കാൻ ധനമന്ത്രി തീരുമാനിച്ചത് ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെയാണ്. ശമ്പളം കൊടുക്കാൻ വേണ്ടി 40 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

അതേസമയം, യൂണിയൻ നേതൃത്വവും മാനേജ്മെന്റും തമ്മിലുള്ള ചർച്ചയിൽ ഓണം അലവൻസ് നൽകുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.