ഷുക്കൂർ വധക്കേസ്; പി ജയരാജൻ അടക്കമുള്ള പ്രതികളുടെ വിടുതൽഹർജി തള്ളണമെന്ന് എതിർസത്യവാങ്മൂലം

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിക്കെതിരെ എതിർ സത്യാവാങ്മൂലം സമർപ്പിച്ചു. ഷൂക്കൂറിന്റെ മാതാവാണ് കൊച്ചി സിബിഐ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. ജയരാജനടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളണമെന്ന് എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളതാണ്. അത്തരം സാഹചര്യത്തിൽ ഇവരെ വിചാരണ കൂടാതെ വെറുതെ വിടരുതെന്നും എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. കൊലപാതക ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഉണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.