ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകിയ സംഭവം; അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

thiruvanchoor

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇതിനുപിന്നിൽ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയത്. അപകടം പതിയിരിക്കുന്നുവെന്നും കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂർ നിർദ്ദേശിച്ചു. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സിഎംഎസ് കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീൽനട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്.