ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ നിയമമാക്കി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : പാർലമെന്റിൽ ഇരുസഭകളും പാസ്സാക്കിയ ഡിജിറ്റൽ വ്യക്തി വിവര സുരക്ഷ ബിൽ രാഷ്ടപതി അംഗീകരിച്ചതോടെ നിയമമായി മാറി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയിൽ ആഗസ്റ്റ് 7 നും രാജ്യസഭയിൽ 9 നുമാണ് ബിൽ പാസാക്കിയത്. വ്യക്തികളുടെ വിവരം സുരക്ഷിതമാക്കി വയ്ക്കാൻ ബിൽ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. സ്വന്തം വിവരം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് പൗരന് ചോദ്യം ചെയ്യാനാവുമെന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്.

അതേ സമയം നിയമപരമായ രീതിയിൽ വിവരം പങ്ക് വയ്ക്കാമെന്ന് ബിൽ അനുശാസിക്കുന്നുമുണ്ട്. സ്വകാര്യത പൗരന്റെ അവകാശമാണെന്ന് 2016 ൽ സുപ്രീം കോടതി പറഞ്ഞതിന്റെ ചുവട് പിടിച്ചാണ് കേന്ദ്രം നിയമം ഉണ്ടാക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ നിയമം വരുന്നതോട് കൂടി വിവരാകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പല വിവരങ്ങളും ഉദ്യോഗസ്ഥർക്ക് മറച്ച് വയ്ക്കാനാകുമെന്നത് തിരിച്ചടിയാണ്. വാർത്ത സ്രോതസുകളുടെയും പൗരന്റെയും സ്വകാര്യ വിവരം സർക്കാരിന് നൽകാൻ തങ്ങൾ നിർബന്ധിതരാകുമെന്ന വിമർശനവുമായി മാധ്യമപ്രവർത്തകരും ഈ വിഷയത്തിൽ മുന്നോട്ട് വരുന്നുണ്ട്.