വനിതാ ജയിൽ തടവുകാർ കൈകാര്യം ചെയ്യുന്ന പെട്രോൾ ഔട്ട്‌ലെറ്റ് ആരംഭിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ ജയിൽ തടവുകാർ കൈകാര്യം ചെയ്യുന്ന പെട്രോൾ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ 30 വനിതാ തടവുകാരെ നിയമിക്കുന്നതെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനിൽ തൊഴിലെടുക്കുന്നത് തടവുകാരായ സ്ത്രീകളാണ്. പ്രതിമാസം 6,000 രൂപ ഇവർക്ക് ശമ്പളം ലഭിക്കും.

തമിഴ്നാട് ജയിൽ വകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പുഴൽ സെൻട്രൽ ജയിലിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിന് സമീപമാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തടവുകാരായ സ്ത്രീകൾക്ക് പുതിയ കഴിവുകൾ പഠിക്കാനും തൊഴിൽ പരിചയം നേടാനും പുതിയ സംരംഭം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുറ്റവാളികളായ സ്ത്രീകളുടെ പുനരധിവാസത്തിനും സമൂഹവുമായുള്ള പുനരൈക്യത്തിനും സംരംഭം സഹായിക്കുമെന്നും ജയിൽ ഡിജിപി വ്യക്തമാക്കി. ജയിൽ മോചിതരായ ശേഷം അവർക്ക് തൊഴിൽ കണ്ടെത്താനും സംരംഭം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുഴൽ, വെല്ലൂർ, കോയമ്പത്തൂർ, പാളയംകോട്ട, പുതുക്കോട്ട എന്നിവിടങ്ങളിൽ സെൻട്രൽ ജയിൽ പരിസരത്ത് 5 പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി.