ഈ ആപ്പ് ഫോണിലുണ്ടെങ്കിൽ വാട്സ്ആപ്പ് വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടും

സോഴ്സ് ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു വാഗ്ദാനങ്ങളും മറ്റും നൽകി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്ന നിരവധി എപികെ ആപ്പുകളെ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഈ കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ്പാണ് സേഫ് ചാറ്റ്. വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ മാൽവെയറുള്ള ഫേക്ക് ആൻഡ്രോയ്ഡ് ചാറ്റിങ് ആപ്പ് ദക്ഷിണേക്ഷ്യയിലെ ഉപയോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സൈഫിർമയെന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് സേഫ് ചാറ്റ് എന്ന ഈ മാൽവെയർ ആപ്പിനെ കണ്ടെത്തിയത്.

സേഫ് ചാറ്റിന് ടെലഗ്രാം, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, സിഗ്നൽ, ഫൈബർ എന്നിവയിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സേഫ് ചാറ്റ് ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾ ആക്സസ് അനുമതി നൽകുന്നതോടെ ഹാക്കർമാർക്ക് ഉപകരണത്തിന്റെ പൂർണ നിയന്ത്രണം ലഭിക്കുമെന്ന വിവരങ്ങളാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.