താരങ്ങളെ വിലക്കാൻ ഞങ്ങൾക്ക് അധികാരമില്ല; ദിവസവേതനക്കാരുടെ കാര്യമാണ് പറഞ്ഞതെന്ന് ഫെഫ്‍സി

ചെന്നൈ : തമിഴ് സിനിമയിൽ തമിഴ് കാലാകാരന്മാർ മാത്രം മതിയെന്ന ഫെഫ്‌സിയുടെ പരാമർശം അടുത്തിടെ വൻ വിവാദമായിരുന്നു. എന്നാൽ തങ്ങൾ ഉദേശിച്ചത് താരങ്ങളുടെ കാര്യമല്ലെന്നും ദിവസ വേതനക്കാരുടെ കാര്യമാണ് പറഞ്ഞതെന്നും വെളിപ്പെടുത്തി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ. താരങ്ങളെ വിലക്കാൻ തങ്ങളുടെ സംഘടനയ്ക്ക് ഒരു അധികാരവുമില്ലെന്ന് ഫെഫ്സിയുടെ ജനറൽ സെക്രട്ടറി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മലയാളത്തിൽ നിന്ന് അടക്കമുള്ള താരങ്ങളെ ഫെഫ്‍സി അഭിനയിപ്പിക്കരുതെന്ന് പറഞ്ഞത് വൻ വിവാദമായതോടെ സംവിധായകൻ വിനയൻ, നടൻ റിയാസ് ഖാൻ തുടങ്ങിയവർ ഫെഫ്സിക്കെതിരെ രംഗത്ത് വന്നിരുന്നു.

തെലുങ്ക് മേഖലയിൽ നിന്ന് കൂടി പ്രതിഷേധം വര്ധിച്ചതോടെയായിരുന്നു ഫെഫ്സിയുടെ പ്രതികരണം. അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് ലൈറ്റ് കമ്പനിയുമായി ദിവസ വേതനക്കാരുടെ കാര്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായതാണ് ഇങ്ങനെ പരാമർശം നടത്തിയതിന് പിന്നിലെന്നും ഫെഫ്‍സി ജനറൽ സെക്രട്ടറി കൂട്ടി ചേർത്തു.