മുഖ്യമന്ത്രിയെ ക്ഷണിച്ചത് നേതൃത്വം കൂടിയാലോചിച്ചിട്ടാണെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : നേതൃത്വം കൂടിയാലോചിച്ചിട്ടാണ് മുഖ്യമന്ത്രിയെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് ക്ഷണിച്ചതെന്ന് വി ഡി സതീശൻ. പാർട്ടിയ്ക് ഇക്കാര്യത്തിൽ ഒറ്റ തീരുമാനമാണെന്നും ഇതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷനേതാവ്. തലസ്ഥാനത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവിന്റെ അനുസ്മരണത്തിൽ വിവാദത്തിന്റെ ആവശ്യകതയില്ലെന്നും പാർട്ടി ഏകകണ്ഠമായാണ് അനുസ്മരണത്തിൽ പങ്കെടുത്തവരെ ക്ഷണിച്ചതെന്നും സതീശൻ വ്യക്തമാക്കി.

‘അദ്ദേഹം ജീവിച്ച സമയത്ത് വേട്ടയാടിയിരുന്ന വിഷയങ്ങളെല്ലാം ജന മധ്യത്തിൽ ചർച്ചയിലുണ്ട്. അദ്ദേഹം രാഷ്ട്രീയമായി വേട്ടയാടപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരെയുള്ള കേസുകളിൽ സത്യം ജയിച്ചു, വേട്ടയാടിയ ആളുകളെല്ലാം തുറന്നു കാട്ടപ്പെട്ടു’ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചർച്ച അവസാനിപ്പിക്കണമെന്നും തൃക്കാക്കരയിലേത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നെഞ്ചിലേറ്റി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.