മൂന്ന് മാസത്തിനിടെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലത്തില്‍ വിരമിച്ചത് 8000 അദ്ധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലായി എണ്ണായിരത്തിലേറെ സര്‍ക്കാര്‍ അദ്ധ്യാപകരാണ് വിരമിച്ചത്. എന്നാല്‍, ഈ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ കണ്ടെത്തിയ 3, 080 തസ്തികകള്‍ക്ക് ധന വകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരവും ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കസരിച്ചുള്ള 3,080 പുതിയ അദ്ധ്യാപക തസ്തികകളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരി 10ന് ധന വകുപ്പിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയെങ്കിലും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഫയല്‍ മടക്കുകയായിരുന്നു. പുതിയ അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തില്‍ കുട്ടികളുടെ കണക്കെടുക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ഇതിലും വര്‍ദ്ധിക്കാനാണ് സാദ്ധ്യത. അദ്ധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം പൂര്‍ത്തിയാക്കിയാലും സര്‍ക്കാര്‍ പുതിയ തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്താലേ പി.എസ്.സിക്ക് അതിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകൂ.

അതേസമയം, കൂടുതല്‍ വിഷയങ്ങളിലേക്ക് കൂടുതല്‍ ബോര്‍ഡുകള്‍ രൂപീകരിച്ചും ജില്ലാ- മേഖലാ ഓഫീസുകളിലേക്ക് കൂടി വ്യാപിപ്പിച്ചും ഒരേസമയം കൂടുതല്‍ പേര്‍ക്ക് അഭിമുഖം നടത്തും. രണ്ടാം ഘട്ട അഭിമുഖം ജൂണ്‍ 22ന് അവസാനിപ്പിക്കും. അഭിമുഖം പൂര്‍ത്തിയായാലും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സെപ്തംബര്‍ ആകും. ഇതിനിടയില്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. അതിനിടെ, ആവശ്യത്തിന് അദ്ധ്യാപകരില്ലാതായതോടെ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ അപേക്ഷ ക്ഷണിച്ച് അഭിമുഖം ആരംഭിച്ചിട്ടുണ്ട്.