ബിഷപ്പ് സ്ഥാനം രാജി വെച്ച് ഫ്രാങ്കോ മുളക്കൽ; ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതികരണം

ന്യൂഡൽഹി: ബിഷപ്പ് സ്ഥാനം രാജി വെച്ച് ഫ്രാങ്കോ മുളക്കൽ. ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു. ബിഷപ്പ് എമിരറ്റസ് എന്നായിരിക്കും ഇനി മുതൽ ഫ്രാങ്കോ മുളയ്ക്കൽ അറിയപ്പെടുന്നത്. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും രംഗത്തെത്തി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കന്യാസ്ത്രീ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജലന്ധർ രൂപതയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും, അത് അവസാനിപ്പിക്കുന്നതിനായി വത്തിക്കാൻ ബിഷപ്പിനോട് രാജിയാവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബിഷപ്പിന്റെ മാറ്റം സഭയുടെ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ജലന്ധർ രൂപതയുടെ പ്രതികരണം. രൂപതയുടെ നന്മയ്ക്ക് വേണ്ടി രാജിവെച്ച ബിഷപ്പിന് നന്ദിയറിച്ച് രൂപത കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. പീഡന കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചത്.