ആശങ്ക വേണം; മുല്ലപ്പെരിയാറിന് ബലമുണ്ടെന്ന് ആരു പറഞ്ഞാലും വിഡ്ഢിത്തമെന്ന് എം.എം മണി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലമുണ്ടെന്ന് ആരു പറഞ്ഞാലും വിഡ്ഢിത്തമാണെന്ന് മുന്‍ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ എം.എം മണി നിയമസഭയില്‍. മുല്ലപ്പെരിയാറില്‍ ഒരു കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്.

‘മുല്ലപ്പെരിയാറിന് ആപത്തുണ്ടായാല്‍ കേരളത്തിലുള്ളവര്‍ വെള്ളംകുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളംകുടിക്കാതെയും ചാകും. 50 വര്‍ഷമാണ് അണക്കെട്ടിന് ഗാരന്റി. ഇപ്പോള്‍ 139 വര്‍ഷം കഴിഞ്ഞു. ഇനിയും ഇത് നോക്കിയിരിക്കുന്നതിനു പകരം കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ക്രിയാത്മക നിലപാടെടുത്ത് പ്രശ്നം പരിഹരിക്കണം. തമിഴ്നാടിന് വെള്ളം വേണം. നമുക്ക് പുതിയ അണക്കെട്ടും. ഇപ്പോള്‍ മരം മുറിക്കാന്‍ ഉത്തരവിട്ടതിനെ കുറിച്ചാണ്‌ പുതിയ വിവാദം. അതിന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തു. ഇതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. പുതിയ കാര്യങ്ങളല്ല. പുതിയ കാര്യം പുതിയ അണക്കെട്ട് ഉണ്ടാക്കുകയെന്നതാണ്. ഈ സമീപനത്തോടെയാണ് മുഖ്യമന്ത്രി മുന്നോട്ടു പോകേണ്ടതെന്നും’ മണി പറഞ്ഞു.

അണക്കെട്ട് അറ്റകുറ്റപ്പണികളിലൂടെ എക്കാലവും നില നിര്‍ത്താനാകില്ല. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ശാശ്വതമായ പരിഹാരം പുതിയ അണക്കെട്ടാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലക്ഷക്കണക്കിനാളുകളുടെ സുരക്ഷക്ക് പുതിയ അണക്കെട്ട് അനിവാര്യമാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള വിഷയത്തില്‍ ഡിസംബറില്‍ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചര്‍ച്ച നടത്തും. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇത്തരത്തില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.