ഡോർഡെന്മ ബുദ്ധപ്രതിമ

buddha

ബുദ്ധ ശാക്യമുനിയുടെ ഭൂട്ടാനിലുള്ള ഒരു ഭീമാകായ വെങ്കല പ്രതിമയാണ് ഗ്രേറ്റ് ബുദ്ധ ഡോർഡെന്മ എന്നറിയപ്പെടുന്ന പ്രതിമ. ഭൂട്ടാനിലെ രാജാവായ ജിഗ്മെ സിൻഗ്യെ വാങ്ചുക് എന്ന രാജാവിന്റെ 60-ആം പിറന്നാളിനോടനുബന്ധിച്ച് 2015 സെപ്റ്റംബർ 25-നാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിനുള്ളിൽ വെങ്കലത്തിൽ നിർമിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ ഒരു ലക്ഷം ചെറിയ ബുദ്ധപ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പതിമൂന്നാമത് ഡേസി ഡ്രൂക് ആയിരുന്ന ഷെറാബ് വാങ്ചുക്കിന്റെ കൊട്ടാരമായിരുന്ന കുൻസെൽ ഫോഡ്രാങിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിലേയ്ക്ക് തെക്കുനിന്ന് പ്രവേശിക്കാനുള്ള പാതയെ നോക്കിയിരിക്കുന്ന വിധമാണ് പ്രതിമയുടെ സ്ഥാനം. 169 അടി (51.5 മീറ്റർ) ഉയരമുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമകളിൽ ഒന്നാണ്. 2010 ഒക്റ്റോബറിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിർമ്മാണം വൈകുകയുണ്ടായി 47 ദശലക്ഷം അമേരിക്കൻ ഡോളർ ചിലവിൽ ചൈനയിലെ നാൻജിങ്ങിലെ ഏറോസൺ കോർപ്പറേഷൻ ആണ് പ്രതിമ നിർമിച്ചത്. പദ്ധതിയുടെ ആകെച്ചെലവ് 100 ദശലക്ഷം അമേരിക്കൻ ഡോളർ വരുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിമയ്ക്ക് ചുറ്റും 943.4 ഏക്കർ വനം ഉൾക്കൊള്ളുന്ന കുൻസെൽ ഫോഡ്രാങ് നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നു.