പ്രധാനമന്ത്രി ദേശാടനപ്പക്ഷിയേപ്പോലെ; രൂക്ഷ വിമർശനവുമായി തമിഴ്നാട്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഒരു പ്രത്യേക സീസണിൽ ദേശാടനപ്പക്ഷികൾ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്നാട്ടിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘മോദിയുടെ ഗ്യാരന്റി’ എന്ന അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നടപടി കൈക്കൊള്ളുമോ എന്ന ചോദ്യമുന്നയിച്ച് വിവിധ പദ്ധതികളുടെ പട്ടികയും സ്റ്റാലിൻ പങ്കുവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തമിഴ്നാട്ടിൽ പലയിടങ്ങളിലായി നടത്തിയ പൊതുപരിപാടികളിൽ നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഇവയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതു മുതൽ നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ സ്റ്റാലിൻ ഉന്നയിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ലോണുകൾ പ്രധാനമന്ത്രി എഴുതിത്തള്ളുമോ, രണ്ട്കോടിയോളം വരുന്ന യുവാക്കൾക്ക് വർഷംതോറും ജോലി കൊടുക്കുമോ, റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്‌കീം വഴി യുവാക്കൾക്ക് മാസം 400 രൂപ നൽകുമോ, ജാതി സെൻസസ് നടത്തുമോ, എസ്.സി-എസ്.ടി-ഒബിസി വിഭാഗങ്ങൾക്ക് സംവരണം നിർബന്ധമായും നടപ്പിലാക്കുമോ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചുണ്ട്.