റിയാസ് മൗലവി വധക്കേസ് വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലംമാറ്റം; ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാനാണെന്ന് കെ ടി ജലീൽ

മലപ്പുറം: റിയാസ് മൗലവി വധക്കേസിലെ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ. ഭീരുക്കളാണ് ഒളിച്ചോടുക. ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാനെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഭിഭാഷകനും നടനുമായ ഷുക്കൂർ വക്കീലിന്റെ പോസ്റ്റിൻറെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ജലീലിന്റെ പ്രതികരണം.

മെയ് മാസം, സമ്മർ വെക്കേഷനു ശേഷമാണ് സാധാരണ കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ട്രാൻസ്ഫർ ഉണ്ടാവുക. റിയാസ് മൗലവി കേസിൽ മൂന്നു പ്രതികളെയും കുറ്റ വിമുക്തരാക്കിയ കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനു പതിവിനു വിപരീതമായി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ആലപ്പുഴ ജില്ലാ ജഡ്ജായി ട്രാൻസ്ഫർ നൽകിയിട്ടുണ്ട് എന്നാണ് ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ട്.