സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് ഡോ.രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. കോവിഡ് 19 ഭീതിയില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ ഇന്ത്യയിലെ മിക്ക സ്‌കൂളുകളും അടച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ ടി പി ആര്‍് 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു.ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് അതാത് ജില്ലകള്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും വീണ്ടും തുറക്കാനുള്ള മറ്റ് വഴികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുടെ എല്ലാവിധത്തിലുമുള്ള വികാസത്തിന് സ്‌കൂള്‍ വിദ്യാഭ്യാസം വഹിക്കുന്ന പ്രാധാന്യം കണക്കിലെടുക്കണമെന്നും ഗുലേറിയ പറഞ്ഞു.സ്‌കൂള്‍ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണമെന്ന് ജൂണില്‍ ഗുലേറിയ ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ പഠനരീതി കുട്ടികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ ഭാഗമാകാന്‍ സാധിക്കാത്ത പാവപ്പെട്ട കുട്ടികളുടെ കാര്യത്തില്‍- അദ്ദേഹം പറഞ്ഞു.