മരംകൊള്ള : റവന്യൂവകുപ്പിന് വീഴ്ച സംഭവിച്ചിട്ടെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: മരംകൊള്ളയില്‍ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ. രാജന്‍. ഇക്കാര്യത്തില്‍ വകുപ്പിന് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മരംമുറി വിഷയത്തില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല.

വിവാദം നിയമസഭയിലെത്തിയപ്പോള്‍ തന്നെ റവന്യൂമന്ത്രി വയനാട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. സിപിഐ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.